ദില്ലി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ മാല ദ്വീപിനെ ബഹിഷ്കരിക്കാൻ ആഹ്വാനം. ഓൾ ഇന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷനാണ് ബഹിഷ്കരണം ആഹ്വാനം ചെയ്തത്. സിനിമാ ചിത്രീകരണത്തിലുൾപ്പെടെ മാല ദ്വീപിനെ ഒഴിവാക്കണമെന്നാണ് ആഹ്വാനം. അതേസമയം, ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽ നിന്ന് പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അവകാശപ്പെട്ട് മാലദ്വീപ് രംഗത്തെത്തി. മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം.
മാർച്ച് പതിനഞ്ചിനകം ഇന്ത്യൻ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരും മാലദ്വീപ് വിദേശകാര്യമന്ത്രാലയവും നടത്തിയ ചർച്ചയിൽ മാലദ്വീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് മാലദ്വീപിന്റെ അവകാശവാദം. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിന്റെ ചൈനീസ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അതേ സമയം, പരസ്പര സഹകരണത്തിനുള്ള നടപടികൾ തുടരുമെന്നാണ് ഇന്ത്യ യോഗത്തിന് ശേഷം വ്യക്തമാക്കിയത്. ഇന്ത്യൻ സൈനിക വിമാനങ്ങളും മറ്റ് സേവനങ്ങളും മാലദ്വീപിൽ തുടരുന്നതും ചർച്ചയായെന്നും അടുത്ത ചർച്ച ഇന്ത്യയിൽ നടക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മാലദ്വീപ് മുൻ ഗവൺമെന്റിന്റെ അഭ്യർഥന പ്രകാരം വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യൻ സൈനിക സഹായം മാലദ്വീപ് തേടിയത്. മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു. നേരത്തെയും സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം പരോക്ഷമായി മാലദ്വീപ് ഉന്നയിച്ചിരുന്നു