ദില്ലി : മണിപ്പൂര്‍ കലാപത്തിലും സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. ഹൃദയത്തിൽ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സർവശക്തിയിൽ പ്രയോഗിക്കും. മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
അതിനിടെ സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തി. സർക്കാരിന് ഇടപെടാൻ കുറച്ച് സമയം കൂടി നൽകുന്നു.ഇല്ലെങ്കിൽ സുപ്രീം കോടതി ഇടപെടൽ നടത്തുംസമുദായിക കലഹങ്ങൾക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്ത് വന്ന ദൃശ്യങ്ങൾ വല്ലാതെ അസ്വസ്ഥമാക്കുന്നു. നാളെ അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നടന്നത് വലിയ ഭരണഘടന ദുരുപയോഗമെന്നും അദ്ദേഹം പറഞ്ഞു