കണ്ണൂർ :ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കെതിരേ മനു തോമസിന് ബി.ജെ.പി.യിൽനിന്ന് പോരാടാമെന്ന് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനു തോമസ് ഉന്നയിച്ചത് വളരെ ഗൗരവമായ കാര്യമാണ്. ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കു പിന്നിൽ സി.പി.എമ്മിന്റെ കണ്ണൂർ ലോബിയുടെ ചിലരുണ്ട്.
കേന്ദ്ര ഏജൻസി അക്കാര്യം അന്വേഷിക്കണം. കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന് സി.പി.എമ്മിലെ ഒരു ലോബിയുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് മനു തോമസ് പിണറായി വിജയനും ജയരാജനും കത്തെഴുതിയിട്ട് കാര്യമില്ല. ക്വട്ടേഷൻ സംഘത്തിനെതിരേയുള്ള പോരാട്ടം ആത്മാർഥമാണെങ്കിൽ ബി.ജെ.പി.യിലേക്ക് സ്വാഗതമെന്നും പാർട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.