കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിനെതിരെ രംഗത്ത്. റാഗിംഗ് നടന്നതായി കോളേജ് റിപ്പോർട്ട് കൊടുത്തിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. ഒമ്പത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. കോളേജിനെതിരെയും രക്ഷിതാക്കൾ രംഗത്തെത്തി.
മർദ്ദിക്കുന്ന വീഡിയോയിൽ മുപ്പതോളം വിദ്യാർത്ഥികളുണ്ട്. ആകെ നടപടിയെടുത്തത് ഒമ്പതുപേർക്കെതിരെ മാത്രമാണ്. കുറ്റക്കാരെ കോളേജ് അധികൃതർ സംരക്ഷിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു. രക്ഷിതാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പ്രതികളെ ഇപ്പോൾ കാണാനില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ജൂലൈയിലാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് ക്രൂരമായ മർദ്ദനമേറ്റത്. സംഭവത്തിൽ ഒമ്പത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കുന്നമംഗലം പൊലീസാണ് കേസെടുത്തത്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോളേജിനോട് സമ്പൂർണ റിപ്പോർട്ട് നൽകാനും സർവ്വകലാശാല ആവശ്യപ്പെട്ടിരുന്നു. റാഗിങ്ങിന്റെ ഭാഗമായുണ്ടായ മർദ്ദനത്തിൽ മിഥിലാജിന്റെ മൂക്കിന്റെ പാലം തകരുകയും കണ്ണിന്റെ കാഴ്ചയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് മിഥിലാജ്.