കേരളവുമായി വ്യാപാരബന്ധം സജീവമാക്കാനൊരുങ്ങി മെക്‌സിക്കോ. ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ചു. കേരളത്തിലെ ഉത്പ്പന്നങ്ങള്‍ക്ക് മെക്‌സിക്കന്‍ വിപണിയില്‍ പുത്തന്‍ സാധ്യതകള്‍ തുറന്നു കൊടുക്കുമെന്ന് ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസിഡര്‍ ഫെഡറികോ സാലസ് ലോട്ട്‌ഫെ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ച ഇന്ത്യ മെക്‌സിക്കോ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മണികണ്ഠന്റെ പരിചയസമ്പത്ത് ഇതിന് കൂടുതല്‍ കരുത്ത് പകരുമെന്നും അംബാസിഡര്‍ പറഞ്ഞു. കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും മെക്‌സിക്കോയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വന്‍ സ്വീകാര്യതയുണ്ടെന്നും ഇതിനായി ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മെക്‌സിക്കന്‍ അംബാസിഡര്‍ അറിയിച്ചു.
കേരളവും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാരബന്ധം ടൂറിസം മേഖലയ്ക്കും ഏറെ ഉണര്‍വ് നല്‍കുമെന്ന് നിയുക്ത ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണര്‍ മണികണ്ഠന്‍ സൂര്യ വെങ്കട്ട പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ യൂണിവേഴ്‌സിറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നും തന്റെ ഈ സ്ഥാനലബ്ധി കേരളത്തിലെ സംരംഭകര്‍ക്ക് മെക്‌സിക്കോയുമായി സുതാര്യമായ രീതിയില്‍ വ്യാപാര ബന്ധം നടത്തുന്നതിനുള്ള അവസരം ഒരുക്കി നല്‍കുമെന്നും മണികണ്ഠന്‍ പറഞ്ഞു.
ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. സ്‌പൈസസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പ്പന്നങ്ങളെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോ മെക്‌സിക്കന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡി കുപ്പുരാജു, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ റീജണല്‍ ചെയര്‍മാന്‍ കെ കെ പിള്ള, ഇന്ത്യന്‍ എക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ ആസിഫ് ഇക്ബാല്‍, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍, ഇന്ത്യന്‍ എകണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ മോഹിത് ശ്രീവാസ്തവ്, കൊച്ചിന്‍ കാര്‍ണിവല്‍ ചെയര്‍മാന്‍ സബ് കളക്ടര്‍ വിഷ്ണുരാജ് ഐഎഎസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മെക്‌സിക്കന്‍ കോണ്‍സുലേറ്റൂമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറുടെ ഓഫീസ് വൈറ്റിലയില്‍ നേരത്തെ അംബാസിഡര്‍ ഉത്ഘാടനം ചെയ്തു.