പത്തനംതിട്ട: പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് യാത്ര പോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം തുടങ്ങി. എ ഡി എം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായപ്പോഴും യാത്ര തുടരുകയാണ് ഉദ്യോഗസ്ഥർ.
അതേസമയം ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ ബുദ്ധിമുട്ടിലായ ജനത്തോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു. എന്നാൽ എഡിഎമ്മിനെ രൂക്ഷമായി എംഎൽഎ വിമർശിച്ചു. എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. ഒരു ഓഫീസിലെ രഹസ്യസ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് സാധിക്കും. അതിനാലാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയത്.
ഒരു ചാനലിൽ നിന്ന് പ്രതികരണം തേടിയ ഘട്ടത്തിലാണ് താൻ എഡിഎമ്മിനെ വിളിച്ചത്. അദ്ദേഹത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് അദ്ദേഹം തയ്യാറായില്ല. ജനം ബഹളം വെക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് ഓഫീസിൽ എത്തിയത്. അപ്പോഴും മാന്യത കാട്ടിയിരുന്നു. 21 പേർ അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. അത്രയും പേർ അവിടെയുണ്ടായിരുന്നില്ല. മൂവ്മെന്റ് രജിസ്റ്റർ താൻ പരിശോധിച്ചിട്ടില്ല. എ ഡി എം പരിശോധിക്കാൻ വന്നപ്പോൾ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താൻ വിളിച്ചപ്പോൾ പ്രതികരിച്ചിട്ടില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും കെയു ജനീഷ് കുമാർ കുറ്റപ്പെടുത്തി.
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ഇന്നലെ ഓഫീസിലെത്തിയ എംഎൽഎ ഹാജർ രജിസ്റ്റർ പരിശോധിച്ചിരുന്നു. തുടർന്ന് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒപ്പിടാത്തവരുടെ പേരിന് നേരെ ചുവന്ന മഷി കൊണ്ട് ലീവ് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെയാണ് എഡിഎമ്മിനെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഇദ്ദേഹം ഇന്നലെ ഓഫീസിലെത്തി ഹാജർ ബുക്ക് പരിശോധിച്ചിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറെയാണ് വിശദമായ അന്വേഷണം നടത്താൻ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.