ദില്ലി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠഇകൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്ത് വരുമ്പോഴാണ് ഉത്തർപ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്.
താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും തൃപ്ത ത്യാഗി ആവശ്യപ്പെട്ടു.