തിരുവനന്തപുരം: ജിഎസ്ടി കുടിശിക വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിനെതിരെ എൻ കെ പ്രേമചന്ദ്രൻ. പാർലമെന്റിലെ തന്റെ ചോദ്യത്തിന്റെ പേരിൽ ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. ജിഎസ്ടി വിഹിതത്തെ കുറിച്ച് മാത്രമായിരുന്നില്ല കേന്ദ്ര ധനമന്ത്രിയോടുള്ള തന്റെ ചോദ്യം. ഐജിഎസ്ടിയിൽ കേരളത്തിന് 5000 കോടി നഷ്‌ടമാകുന്നു എന്ന എക്സപെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടാണ് തന്റെ ചോദ്യത്തിന് ആധാരമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപിയുടെ പ്രതികരണം. ബാലഗോപാലിനോട് വിവിധ ചോദ്യങ്ങളും പ്രേമചന്ദ്രൻ ചോദിച്ചിട്ടുണ്ട്.
ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ? ലഭ്യമായിട്ടില്ലെങ്കിൽ കാരണമെന്ത് ? അഞ്ചുവർഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്മെൻറ് സർക്കാർ നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണമെന്ത് ? ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാറിന് പ്രതിവർഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവർഷം ഉണ്ടായിട്ടുണ്ടെന്ന് എക്സ്പെന്റീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ആ റിപ്പോർട്ട് നിയമസഭയിൽ ഹാജരാക്കാത്തതിന് കാരണമെന്ത്? എന്നീ ചോദ്യങ്ങളാണ് പ്രേമചന്ദ്രൻ ഉന്നയിക്കുന്നത്.