കൊല്ലം: ലോകായുക്തക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എം പി. മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്ന് എം പി വിമർശിച്ചു. സംസ്ഥാനത്തെ ലോകായുക്ത പിരിച്ചുവിടണം. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണെന്നും വിഷയത്തിൽ സിപിഐഎം നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും എം പി.
ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത വിവാദത്തിൽ സർക്കാർ മൗനം തുടരുന്നതിനിടയിലാണ് എൻ കെ പ്രേമചന്ദ്രൻ വീണ്ടും രംഗത്തെത്തിയത്. മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടു. ഭരണകർത്താക്കളും ന്യായാധിപൻമാരും നാളിതുവരെ പാലിച്ചുവന്നിരുന്ന സ്വയം നിയന്ത്രണങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും വിരുദ്ധമാണിത്. ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി കേസ് വാദം കേൾക്കുന്ന ന്യായാധിപൻമാരെ അതിഥിയായി ക്ഷണിച്ചതും ആതിഥേയത്വം സ്വീകരിച്ച് അവർ എത്തിയതും അസ്വഭാവികമാണ്. നീതിബോധത്തെ സംബന്ധിച്ചിട്ടുളള പൊതുധാരണയെ അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും ലോകായുക്തയുടെയും നിലപാടെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
സുപ്രീം കോടതിയിൽ കക്ഷിയായിരുന്ന സർവകലാശാല നൽകിയ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനെത്തിയ ന്യായാധിപനെതിരെ രൂക്ഷ വിമർശനം നടത്തിയ സിപിഐഎം ഈ വിഷയത്തിൽ അഭിപ്രായം വെളിപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഇഫ്താർ വിരുന്നിൽ പങ്കെടുത്തവരുടെ പേരുവിവരം വെളിപ്പെടുത്തിയുളള പി ആർ ഡിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻ്റെയും പേര് ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. എന്നാൽ ചടങ്ങിൽ പങ്കെടുത്ത മറ്റ് 40 പ്രമുഖരുടെ പേര് വിവരങ്ങൾ വാർത്താക്കുറിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.