ഇടുക്കി: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കിയിലേക്ക് പുതിയ ദൗത്യസംഘത്തെ നിയോഗിച്ച് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇടുക്കി ജില്ലാ കളക്ടർക്കാണ് സംഘത്തിന്റെ മുഖ്യചുമതല. അതേ സമയം ഇടിച്ചു നിരത്തൽ അനുവദിക്കില്ലെന്ന് ജില്ലാ സിപിഎം പ്രഖ്യാപനം നടത്തിയിരുന്നു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പ്രതികരണം. ദൗത്യസംഘം വന്നാലും ഒഴിപ്പിക്കാനൊന്നും നടക്കില്ല. ദൗത്യസംഘത്തിന്‍റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാര്‍ട്ടി ഓഫീസുകളെ കുറിച്ച് ഒരു ആശങ്കയും ഇല്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നും സിവി വർഗീസ് പറഞ്ഞു.
മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. അപ്പീലുകളിൽ കലക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്