ബെംഗളൂരു: ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സർ എം വിശ്വേശ്വരയ്യ റെയിൽ വേ സ്റ്റേഷന്ർറെ പ്രവേശന കവാടത്തിന് മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് 32-35നും ഇടയിൽ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു ബെംഗളൂരുവിൽ ഇത് മൂന്നാമത്തെ സംഭവമാണ്. ഇത് പരമ്പരയാണെന്നാണ് പൊലീസിൻ്റെ സംശയം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഡ്രം തുറന്നപ്പോൾ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു റെയിൽ വേ സ്റ്റേഷനിൽ ഇത് മൂന്നാമത്തെ സംഭവമാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള ഉദ്യോഗസ്ഥരുമെത്തി നടപടികൾ ആരംഭിച്ചു.
‘റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത് മൂന്നാമത്തെ തവണയാണ്. തീർച്ചയായും ഇത് ഒരു പരമ്പരയായിരിക്കാനാണ് സാധ്യത. ഒരേ വ്യക്തി തന്നെയാകാം ഈ കൊലപാതകം നടത്തിയിരിക്കുന്നത്’, ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ എസ്എംവിടി സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിന്റെ കോച്ചിൽ മഞ്ഞ ചാക്കിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ട്രെയിനിലെ മറ്റ് ലഗേജുകൾക്കൊപ്പം തള്ളിയ ചാക്കിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അഴുകിയ നിലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് ഉപേക്ഷിച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ നിന്നും യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേ പൊലീസ് കണ്ടെത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.