തൃശൂർ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പ്രഥമ ‘നന്മ’ പുരസ്‌കാരം ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസിന്. തൃശൂര്‍ പെരിങ്ങനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഒഐസിസി വാര്‍മിംഗ് പ്രസിഡന്റും പ്രമുഖ സംരംഭകയും ചാരിറ്റി പ്രവര്‍ത്തകയുമായ ഷൈനു ക്ലെയര്‍ മാത്യൂസിന് പുരസ്‌കാരം നല്‍കി ആദരിച്ചത്. പ്രമുഖ കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാന്‍ ആണ് പുരസ്‌കാരം കൈമാറിയത്.
കോട്ടയം അയര്‍ക്കുന്നം ചാമക്കലയില്‍ ഷൈനൂ ക്ലെയര്‍ മാത്യൂസ് കഴിഞ്ഞ 20 വർഷമായി നഴ്‌സായി യുകെയില്‍ സേവനം അനുഷ്ഠിച്ചു വരികയാണ്. ഷൈനു നടത്തിവരുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം.
നഴ്‌സില്‍ നിന്നും നഴ്സ് മാനേജരും കടന്ന് യുകെയിലെ ഒന്നില്‍ കൂടുതല്‍ നഴ്സിംഗ് ഹോമുകളുടെയും ഗള്‍ഫിലെയും കവന്‍ട്രിയിലേയും ‘ടിഫിന്‍ ബോക്‌സ്’ റസ്റ്റോറന്റ് ചെയിനുകളുടെയും ഉടമസ്ഥ കൂടിയാണ് ഷൈനു. നിരവധി തവണ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റിയായും അഡൈ്വസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ഷൈനു ക്ലെയര്‍ മാത്യൂസ് രണ്ടു തവണ സ്‌കൈ ഡൈവിങ്, ത്രീ പിക് ചലഞ്ച് തുടങ്ങിയ ചാരിറ്റി ചലഞ്ചുകള്‍ വഴി ഏറ്റവും കൂടുതല്‍ തുക ചാരിറ്റിക്ക് നല്‍കിയ വ്യക്തിയാണ്.
ഷൈനുവിന്റെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ യുകെയില്‍ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയിലും വരെ എത്താറുണ്ട്. കേരളത്തിലെ നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ 2017ല്‍ ബ്രിട്ടിഷ് മലയാളീ ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌കൈ ഡൈവിങ്ങില്‍ ഏറ്റവും കൂടുതല്‍ തുക ശേഖരിച്ചതിന് പുറമേ 2018 ല്‍ നടന്ന ത്രീ പീക് ചലഞ്ചിലും പങ്കെടുത്ത് ആദിവാസികള്‍ അടക്കമുള്ള ജനസമൂഹത്തിന് കൈത്താങ്ങാവുകയും ചെയ്തിരുന്നു. കോവിഡ് ബാധിത സമയത്ത് യുകെയില്‍ ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ ബന്ധപ്പെട്ടുകൊണ്ട് ഇടപെടുന്നതില്‍ ഷൈനു വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കോട്ടയം അയര്‍ക്കുന്നം ചാമക്കാലായില്‍ പരേതരായ സി കേ മാത്യൂ, ക്ലാരമ്മ മാത്യൂ എന്നിവരുടെ പുത്രിയാണ് ഷൈനു. ഷോണ്‍, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ‘സാന്ത്വനം പാലിയേറ്റീവ് കെയര്‍ സെന്റര്‍’ എന്ന പേരില്‍പരേതരായ മാതാപിതാക്കളുടെ സ്മരണാര്‍ഥം കഷ്ടപ്പെടുന്ന രോഗികള്‍ക്കായി അയര്‍ക്കുന്നത്തെ സ്വന്തം ഭവനം ഇവര്‍ നീക്കി വെച്ചിരിക്കുകയാണ്. അയര്‍ക്കുന്നത്ത് തന്നെ നിര്‍ധനരായ ഒരു കുടുംബത്തിന് വീട് വെച്ചു നല്‍കുകയും ചെയ്തിരുന്നു.