ദിസ്പുർ : രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് അസമിലേതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കൊടിയ അഴിമതിക്കാരനെന്നും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി ശിവസാഗർ ജില്ലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പും വർഗീയതയും പ്രചരിപ്പിച്ച് ജനങ്ങളുടെ പണം ആർഎസ്എസും ബിജെപിയും കൊള്ളയടിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
‘‘രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് അസമിലേത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയുമോ? അസമിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ യാത്രയിൽ ഉന്നയിക്കും. സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കൊടിയ അഴിമതിക്കാരനാണ്. അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും അഴിമതിയുടെ ഭാഗമാണ്.
പണം കൊണ്ട് ആളുകളെ വിലയ്ക്കെടുക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. എന്നാൽ അസമിലെ ജനങ്ങളെ വിലയ്ക്കെടുക്കാനാകില്ല. ജനങ്ങൾക്കു വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത്. രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അനീതിയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നത് വികസനങ്ങളെ ബാധിക്കും’’–രാഹുൽ പറഞ്ഞു.