ദുബായ് : 21–ാം നൂറ്റാണ്ട് ആധുനികവൽക്കരണത്തെ അഭിമുഖീകരിക്കുകയും പുതിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടി 2024-ൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ പ്രസംഗിക്കുകയായിരുന്നു വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം. ദുബായ് മദീനത് ജുമൈറയിൽ മൂന്ന് ദിവസമായി നടന്ന ഉച്ചകോടി ഇന്ന് സമാപിച്ചു.
ഒരു വശത്ത് ലോകം ആധുനികവൽക്കരണത്തിലേക്ക് നീങ്ങുകയാണ്. മറുവശത്ത് കഴിഞ്ഞ നൂറ്റാണ്ടിലെ വെല്ലുവിളികൾ ഇപ്പോഴും പ്രബലമാണ്. ഇന്നത്തെ ഓരോ സർക്കാരും പൗരന്മാർക്ക് ഭക്ഷണം, ആരോഗ്യം, വെള്ളം, ഊർജ സുരക്ഷ എന്നിവ നൽകാൻ ബാധ്യസ്ഥരാണ്. പൗരന്മാർക്ക് വിദ്യാഭ്യാസം പ്രാപ്യമാക്കാനും ലോകത്തെ കൂടുതൽ ഉൾക്കൊള്ളാനും സർക്കാരിന് ബാധ്യതയുണ്ട്. ഓരോ തവണയും തീവ്രവാദം പുതിയ മുഖം കാണിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ലോകവും വലിയ വെല്ലുവിളി നേരിടുന്നു. അത് കാലത്തിനനുസരിച്ച് വർധിക്കുകയും ചെയ്യുന്നു. ഒരു വശത്ത് ആഭ്യന്തര ആശങ്കകൾ ഉണ്ട്. മറ്റൊരു വശത്ത് രാജ്യാന്തര സംവിധാനങ്ങൾ ശിഥിലീകരിക്കപ്പെടുന്നു. ഇതിനെല്ലാം ഇടയിൽ ഓരോ സർക്കാരിനും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്.
ഈ വെല്ലുവിളികൾക്കിടയിൽ എല്ലാ സർക്കാരുകൾക്കും പങ്കെടുക്കാൻ ഇതുപോലൊരു ഉച്ചകോടി വളരെ ആവശ്യമാണ്. വികസനത്തിനായുള്ള യുഎഇ നേതൃത്വത്തിന്‍റെ കാഴ്ചപ്പാടിനെ പ്രധാനമന്ത്രി പ്രശംസിച്ചു.