പാലക്കാട് : ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ ആരംഭിക്കും.
മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും സാമൂഹിക, സംഘടന മേഖലയിലെ പ്രമുഖരും മത നേതാക്കൾ ഉൾപ്പെടെയുള്ളവരും ചേർന്നു സ്വീകരിക്കുമെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ട്രഷറർ ഇ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ്, ജനറൽ സെക്രട്ടറി പി.വേണുഗോപാൽ എന്നിവർ അറിയിച്ചു.
അര ലക്ഷത്തിലധികം പേർ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും റോഡ് ഷോയുടെ ഭാഗമാകും. പ്രധാനമന്ത്രിയുടെ പ്രചാരണത്തോടെ സംസ്ഥാനത്ത് ബിജെപിക്കു വലിയ തോതിൽ തിരഞ്ഞെടുപ്പു മുന്നേറ്റം ഉണ്ടാകുമെന്നും പാർട്ടിയുടെ വിജയ പ്രതീക്ഷയുള്ള സീറ്റുകളിലൊന്നാണു പാലക്കാടെന്നും ഭാരവാഹികൾ വ്യക്തമാക്കി.