തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുളള തർക്കത്തിൽ സി.സി.ടി.വി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യത്തിൽ ദുരൂഹതയെന്ന് പൊലീസ്. കെ.എസ്.ആർ.ടി.സി ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ വൈകിയത്, ബസിൽ സി.സി.ടി.വി ഉണ്ടെന്ന് അറിയാത്തതു കൊണ്ടെന്നും പൊലീസ്. ഇന്നലെ പരിശോധിച്ച സി.സി.ടി.വി.യിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നോ എന്നത് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.
ഡ്രൈവർ മേയർക്കെതിരെ നൽകിയ രണ്ട് പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ പരാതികളിൽ ഇതുവരെ വസ്തുതകളില്ലെന്നാണ് പൊലീസ് നിലപാട്. ഇന്നലെയാണ് ബസിലെ സി.സി.ടി.വി പരിശോധിക്കണമെന്ന ആവശ്യം യദു ഉന്നയിച്ചത്. ഈ ആവശ്യം സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കുശേഷം മാത്രമാണ് യദു മുന്നോട്ടുവെച്ചത്. ഇതിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. എന്നാൽ ലൈംഗികാധിക്ഷേപം പോലെ ഗുരുതര സ്വഭാവമുള്ള പരാതി വന്നിട്ടും പൊലീസ് ആദ്യഘട്ടത്തിൽ സി.സി.ടി.വി പരിശോധിച്ചില്ല. ഇന്നലെയാണ് പരിശോധിച്ചത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ മാത്രമാണ് ക്യാമറയുണ്ടാവുക എന്ന നിഗമനത്തിലായിരുന്നു തങ്ങളെന്നാണ് പൊലീസ് ഇതിന് നൽകുന്ന മറുപടി. നാലുദിവസം വൈകിയ സി.സി.ടി.വി പരിശോധനയിൽ ഒന്നും കിട്ടിയില്ല.