പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണം 670 കടന്നതായി ഐക്യരാഷ്ട്ര സഭ. തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിൽ വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. കല്ലും മണ്ണും മരങ്ങളും ഉൾപ്പെടെ കുത്തിയൊലിച്ച് വന്നപ്പോൾ ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
150ലേറെ വീടുകൾ പൂർണമായി മണ്ണിനടിയിലായി. മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. റോഡുകൾ തകർന്നുകിടക്കുന്നതിനാൽ വലിയ ബുൾഡോസറുകൾക്ക് പ്രദേശത്തേക്ക് എത്താൻ കഴിയുന്നില്ല. ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തകരെ അവിടെ എത്തിച്ചത്. ചെറു ബുൾഡോസറുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിന് ഏറെ പരിമിതിയുണ്ട്.