തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.
കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിലേ ശമ്പളം നൽകൂ എന്ന തീരുമാനമില്ലെന്നും പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാസാദ്യം പകുതി ശമ്പളം, സര്‍ക്കാര്‍ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് ശുപാര്‍ശയിൽ ഭരണാനുകൂല സംഘടനകൾ പോലും കടുത്ത പ്രതിഷേധത്തിലാണ്. മാനേജ്മെന്‍റിനെതിരെ പ്രത്യക്ഷ പ്രക്ഷോഭവുമായി സംഘടനാ നേതൃത്വം രംഗത്തെത്തി.
ഇന്നലെ കൊല്ലത്ത് ഇടത് അനുകൂല സംഘടന എം ഡി ബിജു പ്രഭാകറിന്‍റെ കോലം കത്തിച്ചു. തൃശൂരിൽ വിവാദ ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം. ഒരുപടി കൂടി കടന്ന് കെഎസ്ആര്‍ടിസി പറയുന്നത് കള്ളക്കണക്കാണെന്നും, ഇത് ധനമന്ത്രി പരിശോധിക്കണം എന്നുമാവശ്യപ്പെട്ട സംഘടന, ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.