വിവാഹം ദിവസം വീട്ടില്‍ നിന്നും കടന്നുകളഞ്ഞ വരനെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് കണ്ടെത്തി. ബിഹാറിലെ മുസാഫർപൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യരാത്രിയില്‍ തന്നെ വരന്‍ മുങ്ങിയത് നവവധുവിനെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തി. പിന്നാലെ കുടുംബാംഗങ്ങള്‍ വരനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിഹാറിലെ ഷഹബാസ്പൂർ ഗ്രാമത്തിൽ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹദിവസം രാത്രി കാണാതായത്.
ഫെബ്രുവരി 4 -ന് വളരെ ആർഭാടത്തോടെയായിരുന്നു ആദിത്യ ഷാഹിയുടെ വിവാഹം. ബോചഹാനിൽ നിന്നുള്ള യുവതിയെയായിരുന്നു ഇയാൾ വിവാഹം കഴിച്ചത്. വിവാഹത്തിന്‍റെ ചടങ്ങുകളെല്ലാം പൂര്‍ത്തിയായ ശേഷം ഇരുവരും വൈകിട്ടോടെ യുവാവിന്‍റെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ രാത്രിയായതോടെ വധുവിനെ തനിച്ചാക്കി യുവാവ് എങ്ങോട്ടോ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതോടെ വധുവും വീട്ടുകാരും പരിഭ്രാന്തരാകുകയും യുവാവിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായതിന് ശേഷമുളള രണ്ട് ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ച് യുവാവ് യാത്രയിലായിരുന്നു. ഈ സമയം താന്‍ പാറ്റ്നയിലും ദനാപൂരിലും ആയിരുന്നെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. മൂന്നാം ദിസവം ഫോണ്‍ ഓണ്‍ ചെയ്തതോടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസ് യുവാവിനെ കണ്ടെത്തുകയായിരുന്നു.
യുവാവ് നില്‍ക്കുന്ന സ്ഥലം കണ്ടെത്തിയ പൊലീസ് ഉടനെ തന്നെ സ്ഥലത്തെത്തുകയും യുവാവിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്ര വേളയില്‍ ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും 50000 രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി.