ചെന്നൈ: ഇസ്രോ റോക്കറ്റിന് മുകളിൽ ചൈനീസ് പതാക വച്ചുകൊണ്ടുള്ള ഡിഎംകെയുടെ പത്രപരസ്യത്തിൽ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമെത്തുന്നതിനോട് ഡിഎംകെ താത്പര്യപ്പെടുന്നില്ലെന്നതിന് തെളിവാണിതെന്ന് അണ്ണാമലൈ ആരോപിച്ചു. എഎൻഐയ്‌ക്ക് നൽകിയ പ്രതികരണത്തിലാണ് അണ്ണാമലൈയുടെ പരാമർശം.
“തമിഴ് മണ്ണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ അഭിമാനത്തോടെയാണ് ഇന്ത്യയുടെ രണ്ടാം സ്പേസ്പോർട്ടിന് തറക്കല്ലിട്ടത്. ഇതിനിടെ ഡിഎംകെ സർക്കാർ ചെയ്ത പത്രപരസ്യം തീർത്തും അപലപനീയമാണ്. പത്രപരസ്യത്തിൽ ചൈനീസ് പതാക സ്ഥാപിച്ച റോക്കറ്റ് നൽകിയ ഡിഎംകെ, വിഷയത്തെ വീണ്ടും ന്യായീകരിക്കുകയാണ് ചെയ്തത്. ചൈനീസ് ചിത്രമുണ്ടായത് കൊണ്ട് എന്താണ് കുഴപ്പമെന്നും ചൈന നമ്മുടെ ശത്രുക്കളാണെന്ന് രാജ്യം പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ഡിഎംകെ നേതാവ് കനിമൊഴി ചോദിച്ചു. തമിഴ്നാട്ടിൽ ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമെത്തുന്നതിനോട് ഡിഎംകെ താത്പര്യപ്പെടുന്നില്ലെന്നതിന് തെളിവാണിത്. അതുകൊണ്ട് കുലശേഖരപ്പട്ടണത്ത് ഉയരുന്ന ഇസ്രോ കേന്ദ്രം തടയണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ യജമാനന്മാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോവുകയാണ് ഡിഎംകെ. ഭാരതത്തിന്റെ വ്യോമസേനാംഗങ്ങൾ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുന്നത് രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ചൈനയേയും ചൈനീസ് പതാകയേയും ചൈനയുമായി ബന്ധപ്പെട്ട എല്ലാതിനേയും മഹത്വവത്കരിക്കാനാണ് ഡിഎംകെ സമയം ചെലവഴിക്കുന്നത്. ഡിഎംകെ സർക്കാർ ഇക്കാര്യത്തിൽ മാപ്പ് പറയാൻ തയ്യാറാകണം.”- അണ്ണാമലൈ പ്രതികരിച്ചു.
ഭാരതത്തിന്റെ ശാസ്ത്രജ്ഞരെ അവഹേളിക്കുകയാണ് ഡിഎംകെ ചെയ്തതെന്നും ജനങ്ങളുടെ നികുതിപ്പണം എടുത്താണ് ഇത്തരത്തിലുള്ള പത്രപരസ്യം നൽകുന്നതെന്നും
പ്രധാനമന്ത്രി വിമർശിച്ചിരുന്നു. തിരുനൽവേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.