അമൃത്സർ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. നാടകീയ നീക്കങ്ങൾക്കൊടുവിൽ ജലന്ധറിൽ വച്ചാണ് അമൃത്പാലിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ആറ് അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സിഖ് മതമൗലിക നേതാവും ഖലിസ്ഥാൻവാദിയുമായ അമൃത്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തതത്.
ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. അൻപതിലേറെ വാഹനങ്ങളിൽ എത്തിയാണ് പഞ്ചാബ് പൊലീസ് ഖലിസ്ഥാൻ നേതാവിനേയും അനുയായികളേയും പിടികൂടിയതെന്നാണ് വിവരം. അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ അമൃത്പാലിനേയും അനുയായികളേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ വിവിധ ജില്ലകളിൽ ഇൻറർനെറ്റ് വിച്ഛേദിച്ചു. അമൃത്പാലിൻറെ ജന്മനാടായ അമൃത്സറിലെ ജല്ലുപൂർ ഖൈരയിൽ വൻ പൊലീസ്, അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. അമൃത്സറിലെ ജി20 യോഗം പൂർത്തിയായതിന് പിന്നാലെയാണ് ഖലിസ്ഥാൻ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നതാണ് ശ്രദ്ധേയം.
ജലന്ധറിലെ സാകോട്ട് ടെഹ്സിലിലേക്ക് അമൃത്പാൽ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. റോഡ് അപകടത്തിൽ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാൽ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിൻറെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബിൽ ഉണ്ടായ വൻ സംഘർഷവും ഇയാൾ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയപ്പോൾ അമൃത്പാലിൻറെ അനുയായികൾര് ആയുധവുമായി സ്റ്റേഷനിൽ അതിക്രമിച്ച് കയറിയിരുന്നു. ഈ ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തട്ടിക്കൊണ്ട് പോകൽ അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ നിലവിലുണ്ട്.