8480 കോടി രൂപ ചിലവാക്കി നിർമിച്ച പുതിയ ബംഗ്ലൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ കനത്ത മഴയെ തുടർന്ന് വെളളക്കെട്ട്. ഒരാഴ്ച്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷപൂർവ്വം ഉദ്ഘാടനംചെയ്ത റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെളളക്കെട്ട് മൂലം ട്രാഫിക് ബ്ലോക്കും അതോടൊപ്പം നിരവധി അപകടങ്ങളും സംഭവിച്ചു. തുടർന്ന് യാത്രക്കാർ തമ്മിൽ വാക്കേറ്റവും പ്രതിഷേധവും ഉണ്ടായി.
വെള്ളിയാഴ്ച്ച രാത്രി കനത്ത മഴയായിരുന്നു പ്രദേശങ്ങളിൽ. ഹൈവേയിലെ രാമനഗര മേഖലയിലാണ് വെള്ളക്കെട്ടുണ്ടായത്. ഉത്തര കേരളത്തിലുള്ളവര്‍ അധികവും ബെംഗളൂരുവിലെത്താന്‍ കൂടുതലായും ആശ്രയിക്കുന്ന റൂട്ടാണിത്. നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം.
ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും റോഡ് യാത്രയ്ക്ക് യോഗ്യമാണോ എന്ന് നോക്കാൻ മാത്രം അവർ മറന്നു എന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. വെള്ളക്കെട്ടിനെതിരേ കർണാടക സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പെട്ടെന്ന് പ്രധാനമത്രി അത് വഴി വന്നാൽ നിമിഷനേരം കൊണ്ട് വെള്ളക്കെട്ട് മാറ്റിയേനെയെന്നും ഇങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ഹൈവേ നിർമിച്ചതിന് ശേഷം ഭീമമായ ടോൾ പിരിവ് ചോദിക്കുന്നത് വഞ്ചനയാണെന്നും പറയുന്നവരും ഉണ്ട്.
ദേശീയ പാത 275-ന്റെ ഭാഗമായ പുതിയ എക്സ്പ്രസ് വേയില്‍ നാല് റെയില്‍ മേല്‍പ്പാലങ്ങള്‍, ഒമ്പത് വലിയ പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അണ്ടര്‍പാസുകളും മേല്‍പ്പാലങ്ങളും ഉണ്ട്. 10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരുവിലെ റിങ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൈവേയിൽ ടോള്‍ നടപ്പാക്കിയ ശേഷം ടൂവീലറുകളും, ത്രീവീലറുകളും കടക്കുന്നത് ഹൈവേ അതോററിറ്റി നിരോധിച്ചിരുന്നു.