കോഴിക്കോട്: മലയാളി ഗവേഷകന് 1.35 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ്. തലശ്ശേരി സ്വദേശി മുഹമ്മദ് ഷമീം കെ.എം ആണ് ഫെലോഷിപ്പിന് അർഹനായത്. ലോകത്തെ തന്നെ ഏറ്റവും ആകർഷകമായ ഗവേഷണ ഫെലോഷിപ്പുകളിൽ ഒന്നായ മേരി ക്യൂറി യൂറോപ്യൻ യൂനിയനാണ് നൽകുന്നത്.
തലശ്ശേരി എസ്.എസ് റോഡിലെ ഡിലൈറ്റ് വീട്ടിൽ ഇബ്‌റാഹീമിന്റെ മകനാണ് മുഹമ്മദ് ഷമീം. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽനിന്ന് ആറ്റമിക് ആൻഡ് മോളിക്യുലാർ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടിയ ഷമീം, കേന്ദ്ര സർക്കാരിനുകീഴിലുള്ള ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ രണ്ട് വർഷമായി പോസ്റ്റ് ഡോക്ടറൽ ഫെലോ പ്രവർത്തിച്ചുവരികയായിരുന്നു. ബെൽജിയം ലൂവനിലുള്ള കാത്തലിക്ക് യൂനിവേഴ്‌സിറ്റിയിൽ ഗ്രാഫിനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഫെലോഷിപ്പ്. തെനാസ് ആണ് ഷമീമിന്റെ ഭാര്യ. ഒരു കുട്ടിയുണ്ട്.