Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ടയിൽ താമര വിരിയിക്കാൻ അനിൽ ആന്റണി

പത്തനംതിട്ടയിൽ താമര വിരിയിക്കാൻ അനിൽ ആന്റണി

കൊച്ചി: ബിജെപി പത്തനംതിട്ട പിടിച്ചെടുക്കാൻ ആരെ കളത്തിലിറക്കുമെന്ന ചോദ്യത്തിനുള്ള സർപ്രൈസ് ഉത്തരമായാണ് ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. കേരളത്തിലെ 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിത സാന്നിധ്യമായി പത്തനംതിട്ടയിൽ അനിൽ ആന്റണി. ശക്തമായ ത്രികോണ മത്സരം നടക്കാനിടയുള്ള മണ്ഡലത്തിൽ ആരെ ഇറക്കുമെന്നതിനെച്ചൊല്ലി ബിജെപി ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ തർക്കത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പി സി ജോർജിന്റെ പേരിനായിരുന്നു പ്രാമുഖ്യം. എന്നാൽ, അതിനെ വെട്ടി പിന്നാലെ പി എസ് ശ്രീധരൻ പിള്ളയുടെ പേര് ഉയർന്നുകേട്ടു. അഭ്യൂഹങ്ങളും പ്രചാരണങ്ങളുമെല്ലാം അപ്രസക്തമാക്കി ഒടുവിൽ പ്രഖ്യാപനം, സ്ഥാനാർത്ഥി അനിൽ ആന്റണി.

പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നായിരുന്നു തുടക്കം മുതൽ സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ‍, ഇവിടെ ക്രിസ്ത്യൻ വിഭാ​ഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വം നിർദേശിച്ചത്. അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ പേരിന് മുൻ‌​ഗണന നൽകിയായിരുന്നു ദേശീയ നേതൃത്വത്തിന്റെ നീക്കം. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലായിരുന്നു ബിജെപി ദേശീയനേതൃത്വം. പത്തനംതിട്ടയിൽ ബിജെപിക്ക് രണ്ട് ലക്ഷത്തിതൊണ്ണൂറായിരം വോട്ടിൻ്റെ ബലമുണ്ട് . ശബരിമല പ്രക്ഷോഭത്തിൻ്റെ ഊർജത്തിൽ കെ സുരേന്ദ്രൻ നേടിയ ഈ വോട്ടിനൊപ്പം പി സി ജോർജ് പ്ലസ് ക്രിസ്ത്യൻ ഘടകങ്ങൾ ചേരുമ്പോൾ ജയസാധ്യതയുണ്ടെന്നും ദേശീയ നേതൃത്വം കണക്ക് കൂട്ടി.

പക്ഷേ, സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് തുടക്കത്തിൽ‌ സംസ്ഥാന ഘടകം നിർദേശിച്ചത്. പി സി ജോർജിനും ഒപ്പം വന്നവർക്കും പാർട്ടി ഭാരവാഹിത്വം നൽകിയാൽ മതിയെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു. എന്നാൽ, കുമ്മനത്തിന്റെ പേര് ദേശീയ നേതൃത്വം പരി​ഗണിച്ചില്ല. ആ സാഹചര്യത്തിലാണ് പതിനെട്ടാമത്തെ അടവെന്ന നിലയിൽ പി എസ് ശ്രീധരൻ പിള്ളയുടെ പേരിലേക്ക് സംസ്ഥാന ഘടകം എത്തിയത്. ​ഗോവ ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടുകൾ വന്നു. ഒക്ടോബറിൽ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കുമെന്നതു കൂടി ആയതോടെ രാഷ്ട്രീയവൃത്തങ്ങൾ ഉറപ്പിച്ചു, പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള തന്നെ.

അതിനിടയിൽ കെ സുരേന്ദ്രൻ ദേശീയ നേതാക്കളുമായി നടത്തിയ ചർച്ചകളും ചരട് വലികളുമാണ് അനിൽ ആന്റണിയെ സ്ഥാനാർത്ഥി പട്ടികയിൽ എത്തിച്ചതെന്നാണ് സൂചന. ബിഡിജെഎസിന്റെ എതിർപ്പടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ നീക്കം. എറണാകുളത്ത് അനിൽ ആന്റണിയെ പരി​ഗണിക്കുമെന്നും അതിനിടയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, മത്സരിക്കാൻ താല്പര്യമില്ലെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.

കോൺ​ഗ്രസിന്റെ അനിഷേധ്യ നേതാവിന്റെ മകൻ പത്തനംതിട്ടയിൽ തങ്ങളുടെ സ്ഥാനാർത്ഥിയാകുന്നത് ​ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇടതുപക്ഷത്തിനായി ഡോ തോമസ് ഐസക്കാണ് മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നത്. ആന്റോ ആന്റണിയാണ് നിലവിൽ പത്തനംതിട്ട എംപി. ഏതുവിധേനയും സീറ്റ് നിലനിർത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ പോരാട്ടക്കളത്തിലേക്കാണ് ബിജെപിയുടെ സർപ്രൈസ് സ്ഥാനാർത്ഥിയായി അനിൽ ആന്റണി എത്തിയിരിക്കുന്നത്. മത്സരം എത്രത്തോളം കടുക്കും, അനിൽ എത്ര വോട്ടുകൾ നേടും എന്നെല്ലാം കണ്ടറിയാം.

‌2009ൽ രൂപീകൃതമായതു മുതൽ ആന്റോ ആന്റണിയിലൂടെ കോൺ​ഗ്രസ് വെന്നിക്കൊടി പാറിച്ച മണ്ഡലമാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. 2019ൽ ശക്തമായ ത്രികോണമത്സരം നടന്ന ഇടമാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ടയിലെ ആറൻമുള, കോന്നി, റാന്നി, തിരുവല്ല, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം. സിപിഐഎമ്മിനും ബിജെപിക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. തിരഞ്ഞെടുപ്പിൽ മതസാമുദായിക സമവാക്യങ്ങൾ ഏറെ നിർണായകമാകുമെന്നുറപ്പാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com