കണ്ണൂർ : സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെ സീലിംഗ് അടർന്നുവീണു. ഫാർമസിസ്റ്റിന് പരിക്ക് കണ്ണൂർ കടമ്പൂർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലാണ് സംഭവം. സംഭവത്തിൽ ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്ക് പരിക്കേറ്റു.
കടമ്പൂർ വേട്ടേക്കര റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറി കെട്ടിടത്തിലെ കോൺക്രീറ്റ് സീലിംഗാണ് അടർന്നുവീണത്. ശ്യാമസുന്ദരി കംപ്യൂട്ടറിൽ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിംഗ് തലയിലേക്ക് വീണത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇവരെ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
1997-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഡിസ്‌പെൻസറി. ഇവിടെ അഞ്ച് മുറികളാണുള്ളത്. കഴിഞ്ഞ വർഷം ഡോക്ടറുടെ മുറിയിലെ സീലിംഗും അടർന്നുവീണിരുന്നു. ഡിസ്‌പെൻസറിയിലെ മുറികളിൽ ഭൂരിഭാഗവും അടർന്നുവീഴാറായ നിലയിലാണ്. ജനലുകളുടെ മുകൾ ഭാഗവും വിണ്ടുകീറിയിട്ടുണ്ട്. അതീവ ശോചനീയാവസ്ഥയിലാണ് ഡിസ്‌പെൻസറിയെന്ന് നാട്ടുകാർ പറയുന്നു. ഡിസ്‌പെൻസറി നവീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജനങ്ങൾ പറഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മേൽക്കൂര അടർന്ന് വീണ് യുവതിയ്‌ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സംഭവം.