മലപ്പുറം: രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിര്‍ക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. എക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ജൂലൈ എട്ടിന് സമസ്തയുടെയും പോഷക സംഘടനകളുടെയും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാരുമാണ് ഇക്കാര്യം അറിയിച്ചത്.
ഏകീകൃത സിവില്‍ കോഡ് വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. വ്യത്യസ്തതകളെ തച്ചുടക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്തതകളേയും വിയോജിപ്പുകളേയും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ദുരൂഹത നിറഞ്ഞതുമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പാണക്കാട് വെച്ച് ചേര്‍ന്ന അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗ ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.ഏക സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മധ്യപ്രദേശില്‍ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷ. ദേശീയ പ്രതിപക്ഷ ഐക്യത്തെ ഇത് ബാധിക്കില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ജൂണ്‍ 30 ന് ചേരുന്ന ദേശീയ കമ്മിറ്റിക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.