ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള സി പി എം ക്ഷണത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്. രാവിലെ ഒന്‍പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക. സെമിനാറിൽ പങ്കെടുക്കുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു. ലീഗിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ്.
കോണ്‍ഗ്രസിന് അതൃപ്തിയുണ്ടാക്കാതെ തീരുമാനമെടുക്കുക എന്നതാണ് ലീഗ് നേരിടുന്ന വെല്ലുവിളി. സെമിനാറിലേക്ക് ക്ഷണം ലഭിച്ച ഘട്ടത്തിൽ തന്നെ നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിനൊപ്പം ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെയും അഭിപ്രായം. നേരത്തെ CPIM സെമിനാറിൽ പങ്കെടുക്കാൻ സമസ്ത തീരുമാനിച്ചതോടെ മുസ്ലിം ലീഗ് സമ്മർദ്ദത്തിലായിരുന്നു.
ഏക വ്യക്തിനിയമം ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന കോൺഗ്രസിന്റെ നിലപാടു തന്നെയാണ് ഇന്നലെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം ആവർത്തിച്ചത്. സമാനചിന്താഗതിക്കാരായ മുഴുവൻ പേരെയും പ്രതിഷേധത്തിൽ അണിനിരത്തണമെന്ന ലീഗിന്റെ ചിന്ത കോൺഗ്രസിന്റെ നിലപാടുമായി ഒത്തുപോകുന്നതുമാണ്. അതേസമയം സിപിഐഎമ്മിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും ലീഗിനോട് തൊട്ടുകൂടായ്മയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു.