കൊല്ലം : അന്തരിച്ച പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി എന്ന രവീന്ദ്രൻ നായരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഭൗതികദേഹം പൊതുദർശനത്തിന് വെയ്ക്കും. ലൈബ്രറി പ്രവർത്തനങ്ങൾക്കും സോപാനം ഓഡിറ്റോറിയം നിർമ്മാണത്തിനും മുൻപന്തിയിൽ നിന്നയാളാണ് അച്ചാണി രവി. മന്ത്രി സജി ചെറിയാൻ ഇന്ന് അന്തിമോപചാരം അർപ്പിക്കും. വൈകിട്ട് 3.30 ഓടു കൂടി ഔദോഗിക ബഹുമതികളോടെ പോളയത്തോട് പൊതുശ്മശാനത്തിൽ ഭൗതികദേഹം സംസ്കരിക്കും.
മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അച്ചാണി രവി. പി ഭാസ്‌കരൻ, എ വിൻസെന്റ്, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ സിനിമകളെ അകമഴിഞ്ഞ് പിന്തുണച്ച സിനിമാ നിർമ്മാതാവായിരുന്നു അദ്ദേഹം. 115ഓളം കശുവണ്ടി ഫാക്ടറികളുള്ള വലിയ സംരംഭകനായിരിക്കെയാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967ൽ ജനറൽ പിക്ചേഴ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു.
സത്യൻ നായകനായി 1967ൽ പുറത്തിറങ്ങിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ ആണ് ആദ്യ ചിത്രം. 1973ൽ പുറത്തിറങ്ങിയ ‘അച്ചാണി’ എന്ന സിനിമയുടെ പേരിൽ നിന്നാണ് അദ്ദേഹം പിന്നീട് അച്ചാണി രവി എന്നറിയപ്പെട്ടത്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എലിപ്പത്തായം തുടങ്ങഇ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവായിരുന്നു അച്ചാണി രവി.