ജിദ്ദ: ഗസ്സക്കെതിരെ അധിനിവേശകരായ ഇസ്രായേൽ നടത്തുന്ന അക്രമണം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം സ്ഥാപിക്കാനും അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ മന്ത്രിമാരടങ്ങുന്ന സംഘം ചൈനയിലെത്തി. റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച സമിതിയാണ് സമാധാന പുനഃസ്ഥാപനത്തിന് പിന്തുണയും പരിഹാരമാർഗങ്ങളും തേടി ലോക പര്യടനം ആരംഭിച്ചത്. തുടക്കം ചൈനയിൽനിന്നാണ്.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഘം ചൈനയിലെത്തിയത്. ജോർദാൻ, ഈജിപ്ത്, ഫലസ്തീൻ വിദേശകാര്യ മന്ത്രിമാർ, ഒ.െഎ.സി സെക്രട്ടറി ജനറൽ എന്നിവരാണ് സംഘത്തിലുള്ളത്. ഖത്തർ, തുർക്കി, ഇന്തോനേഷ്യ, നൈജീരിയ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ് സെക്രട്ടറി ജനറലും സംഘത്തിൽ ചേരും. ഗസ്സയിൽ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾക്കായി സുരക്ഷ കൗൺസിലിലെ സ്ഥിരാംഗ രാജ്യങ്ങളിലുൾപ്പെടെ വരുംദിവസങ്ങളിൽ സംഘം സന്ദർശിക്കും.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അവിടേക്കുള്ള ദുരിതാശ്വാസ സഹായം വർധിപ്പിക്കണമെന്നും മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ഇസ്രായേലിെൻറ ചെയ്തികൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങൾക്ക് ഇനിയും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്. ഗസ്സ പ്രതിസന്ധി അവസാനിപ്പിക്കാൻ ചൈനയുമായും മറ്റ് രാജ്യങ്ങളുമായും സംസാരിക്കാനും സഹകരിച്ച് പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. സാഹചര്യത്തിെൻറ ഗൗരവത്തെ ഞങ്ങൾ ശരിക്കും മനസ്സിലാക്കുകയും ഗസ്സ പ്രതിസന്ധി അവസാനിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീനികളെ ഗസ്സയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ തങ്ങളുടെയും മൊത്തം അറബ് ലോകത്തിെൻറയും നിലപാട് വ്യത്യസ്തമാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി പറഞ്ഞു. സ്വന്തം ദേശത്ത് നിന്ന് അവരെ കുടിയിറക്കുന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നില്ല. അവരെ കുടിയിറക്കിയാൽ അത് മേഖലയിലും ലോകത്താകെയും സമാധാനവും സുരക്ഷവും സ്ഥിരതയും അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗസ്സയിലേക്കുള്ള സഹായം തടയുക എന്ന ഇസ്രായേലിെൻറ നയം ആസൂത്രിതമാണ്. ബോംബാക്രമണത്തിെൻറയും ഉപരോധത്തിെൻറയും കടുത്ത നടപടികളിലൂടെ ഫലസ്തീനികളെ ഗസ്സ വിട്ടുപോകാൻ പ്രേരിപ്പിക്കുക എന്നതാണ് അവരുടെ ഗൂഢലക്ഷ്യം. അന്താരാഷ്ട്ര നിയമസാധുത സംരക്ഷിക്കാൻ സുരക്ഷാ കൗൺസിലിന് ഉത്തരവാദിത്തമുണ്ട്. ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ചൈനയെപ്പോലുള്ള വൻശക്തികളുടെ ശക്തമായ പങ്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.