തിരുവനന്തപുരം: പാർലമെന്റിൽ കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം(സിഎഎ) സംസ്ഥാനത്തു നടപ്പാക്കില്ലെന്ന സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രഖ്യാപനം അർഥമില്ലാത്തതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജ്യത്തു മുഴുവൻ ബാധകമാകുന്ന നിയമം സംസ്ഥാനത്തു മാത്രമായി നടപ്പാക്കാതിരിക്കാനാകില്ല. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും വേർതിരിക്കാനും മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കാനുമുള്ള നിയമം പിൻവലിക്കുന്നതു വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
‘സിഎഎ നിയമം അറബിക്കടലിൽ’ എന്ന മുദ്രാവാക്യവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ് ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎഎ പ്രക്ഷോഭത്തിന്റെ പേരിൽ കേരള പൊലീസ് റജിസ്റ്റർ ചെയ്ത ഭൂരിഭാഗം കേസുകളും പിൻവലിക്കാതെ സംസ്ഥാന സർക്കാർ ബിജെപി സർക്കാരിനു പിന്തുണ നൽകുകയാണോയെന്നു വ്യക്തമാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ അധ്യക്ഷത വഹിച്ചു. എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.