സിംഗപ്പൂർ: കടയിലെ സാധനങ്ങളുടെ വില ടാഗുകൾ നീക്കം ചെയ്ത് റീട്ടെയിൽ സ്റ്റോറിൽ നിന്ന് SG$1,700 (100,000 രൂപയിലധികം) വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ.
27 വയസ് പ്രായമുള്ള ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും ക്രിസ്റ്റ്യൻ, അർപിത അരവിന്ദ്ഭായി എന്നിവരെ യഥാക്രമം 40, 45 ദിവസങ്ങൾ തടവിന് ശിക്ഷിച്ചതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിംഗപ്പൂരിൽ സ്റ്റുഡന്റ് പാസുകളിലായിരുന്ന ഇരുവരും തങ്ങൾക്ക് മോഷണം നടത്താൻ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ ജഡ്ജി യൂജിൻ ടിയോ ഈ പ്രവൃത്തി ‘അപമാനകരമാണ്’ ഇനി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന് പ്രതികളോട് പറയുകയും ചെയ്തു.
കോമളും അർപ്പിതയും മറ്റ് നാല് ഇന്ത്യക്കാർക്കൊപ്പം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഈ ഫ്ലാറ്റിൽ താമസിച്ചിരുന്ന മറ്റുള്ളവരും യൂണിക്ലോ സ്റ്റോറിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി.