പത്തനംതിട്ട: ശബരിമല തീർത്ഥാടകരോടുള്ള സർക്കാർ അവഗണന പ്രതിഷേധാർഹമെന്ന് അഡ്വ.വർഗ്ഗീസ് മാമ്മൻ.
പതിനായിരക്കണക്കിന് ശബരിമല തീർത്ഥാടകർ അനുഭവിക്കുന്ന ദുരിതങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. സന്നിധാനത്ത് ശബരിമല ദർശനത്തിന് വേണ്ടി മണിക്കൂറുകളോളം ഭക്തർ കാത്ത് നിൽക്കുന്ന അവസ്ഥയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പമ്പയിലേയും സന്നിധാനത്തേയും എല്ലാ ക്രമീകരണങ്ങളും തകിടം മറിഞ്ഞിരിക്കുകയാണ്. സർക്കാർ ഈ കാര്യത്തിൽ വേണ്ട ജാഗ്രത കാണിക്കുന്നില്ലെന്ന് വർഗ്ഗീസ് മാമ്മൻ ചൂണ്ടിക്കാട്ടി .ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന്റെ ആരംഭം മുതൽ തന്നെ എല്ലാ ക്രമീകരണങ്ങളിലും സർക്കാർ കടുത്ത അനാസ്ഥയും അവഗണനയുമാണ് കാണിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്ന മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും നവ കേരള സദസ്സ് നടത്തുന്നതിന് മുമ്പ് പമ്പയിലെത്തി സന്നിധാനത്തേയും നിലയ്ക്കലിലേയും പമ്പയിലേയും താറുമാറായ ക്രമീകരണങ്ങൾ വിലയിരുത്തി കർശന നടപടി സ്വീകരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തർ ക്രമീകരണങ്ങളുടെ പാളിച്ച മൂലം വലഞ്ഞിരിക്കുകയാണെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.
യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ല സമ്മേള്ളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ വി.ആർ രാജേഷ്, ജിൻസി കടുവിങ്കൽ,ജോമോൻ സി ജേക്കബ്,സജി കൂടാരത്തിൽ കേരളാ കോൺഗ്രസ് നേതാക്കളായ അനീഷ് വർക്കി, പാർട്ടി സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ ,ഹൈപവർ കമ്മറ്റി അംഗങ്ങളായ വർഗ്ഗീസ് ജോൺ ,സാം ഈപ്പൻ, ബിജു ലങ്കാ ഗിരി,ജോർജ് മാത്യു ,ഷിബു പുതുക്കേരിൽ ,എബിവർഗ്ഗീസ് ,സണ്ണി മണക്കേൽ ,ഷീലാ വർഗ്ഗീസ്, മാത്യൂസ് ചാലക്കുഴി,ജിബിൻ സക്കറിയാ ,ചാക്കോ വർഗ്ഗീസ് ,അജു ഉമ്മൻ ,റിജു എബ്രഹാം,ജോസ് തേക്കാട്ടിൽ, ബിനിൽ ജോർജ്,ഷാനു മാത്യൂ ,ടിന്റു കുറ്റൂർ എന്നിവർ പ്രസംഗിച്ചു.