ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് യാത്രാനുമതി നൽകി ഡൽഹി ഹൈക്കോടതി. അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാമെന്ന് ഹൈക്കോടതി വിധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ എതിർപ്പ് മറികടന്നാണ് വിധി.
പ്രേമകുമാരിക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ മകളുടെ ജീവന്‍ രക്ഷിക്കാനാണ് അമ്മ പോകുന്നത്. അതിനെ എതിര്‍ക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി.
യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശം നൽകിയിരുന്നു. കൂടെ യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് നിമിഷ പ്രിയയുടെ അമ്മയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കേടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. യെമനിലേക്ക് 2017ലെ വിജ്ഞാപനം അനുസരിച്ചു യാത്രവിലക്ക് ഉണ്ടെന്നും അതിനാലാണ് നിമിഷ പ്രിയയുടെ അമ്മയുടെ യെമനിലേക്കുള്ള യാത്ര അപകടകരമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു.
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.