തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്കിടെ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ. അവധി ദിവസങ്ങളായ രണ്ടാം ശനിയും ഞായറും കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച 9.03 കോടി രൂപയാണ് കലക്ഷൻ. മണ്ഡലകാല വരുമാനവും നേട്ടത്തിന് കാരണമായി. സെപ്റ്റംബര്‍ നാലിന് ലഭിച്ച 8.79 കോടിയാണ് ഇതിനു മുമ്പുള്ള റെക്കോഡ് നേട്ടം.
ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 കോടി രൂപ ലഭിച്ചു. ഇതിൽ ഞായർ ഒഴികെ എല്ലാ ദിവസവും വരുമാനം 7.5 കോടി രൂപ കടന്നു. ഡിസംബർ നാലിന് 8.54 കോടി, അഞ്ചിന് 7.88 കോടി, ആറിന് 7.44 കോടി, ഏഴിന് 7.52 കോടി, എട്ടിന് 7.93 കോടി, ഒമ്പതിന് 7.78 കോടി, 10ന് 7.09 കോടി, 11ന് 9.03 കോടി എന്നിങ്ങനെയാണ് വരുമാനം. മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നേട്ടമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞു.
കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 1000ത്തില്‍നിന്ന് 700 ആയി കുറച്ചു. 10 കോടി പ്രതിദിന വരുമാനമാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. അതേസമയം ശമ്പള വിതരണം വൈകുന്നതില്‍ ജീവനക്കാര്‍ക്കിടിയില്‍ അമര്‍ഷം ശക്തമാണ്. നവംബറിലെ ശമ്പളം ഇനിയും നല്‍കിയില്ല. സര്‍ക്കാര്‍ കഴിഞ്ഞദിവസം 30 കോടി അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക ലഭിച്ചാല്‍ ഉടന്‍ ശമ്പളം നല്‍കും. ശമ്പളം കൃത്യമായി വിതരണം ചെയ്യുന്നില്ലെങ്കിലും മാനേജ്‌മെന്റിന്റെ തീരുമാനങ്ങളോട് ജീവനക്കാര്‍ സഹകരിക്കുന്നുണ്ട്. പെന്‍ഷന്‍ വിതരണത്തിന് ധാരണയായിട്ടുണ്ട്. കണ്‍സോർട്യം ഉടന്‍ ഒപ്പിടും. അടുത്ത 12 മാസത്തേക്ക് സഹകരണ വായ്പയില്‍ പെന്‍ഷന്‍ വിതരണം ചെയ്യും.