ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവവഴി നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകൾ കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം. റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുപ്രകാരം നാലുവര്‍ഷത്തിനിടെ 3173 കേസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
സ്വര്‍ണക്കടത്തില്‍ കേരളത്തിനുപിന്നില്‍ തമിഴ്‌നാടും (2979 കേസ്) മഹാരാഷ്ട്രയുമാണെന്നും (2528 കേസ്) ധനമന്ത്രാലയം അറിയിച്ചു.
കേരളം പണ്ടും സ്വര്‍ണക്കടത്തിന്റെ ഇഷ്ടമേഖലകളിലൊന്നാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഇതിന്റെ പ്രധാന കേന്ദ്രങ്ങള്‍. പരിമിതമായ ഉദ്യോഗസ്ഥരാണുള്ളതെങ്കിലും കൃത്യമായ പരിശോധനയിലൂടെയാണ് കള്ളക്കടത്തുകാര്‍ പിടിയിലാകുന്നത്. സ്വര്‍ണം കൂടുതലെത്തുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണെന്നും അധികൃതര്‍ പറയുന്നു.