മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ ഭാഗത്തുനിന്നും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ അക്രമണങ്ങളെ അപലപിക്കുന്നുവെന്നും മാധ്യമ പ്രവർത്തകർക്കും ഉപകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിലാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കലിനും 24 ന്യൂസിലെ ജിനു എസ് രാജിനും പരുക്കേറ്റത്. വിൻസന്റിന്റെ തലയിൽ മൂന്ന് സ്റ്റിച്ചുണ്ട്. ജിനുവിന്റെ ചെവിക്കുള്ളിൽ മുറിവേറ്റു. യുവമോർച്ച പ്രവർത്തകർ ടയർ എറിഞ്ഞതിൽ 24 ക്യാമറമാൻ അഭിലാഷിന്റെ ക്യാമറ തകർന്നു.
പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ജയ്‌ഹിന്ദ് ടി വി ക്യാമറമാൻ റിയാസിന് പരിക്കേറ്റു. ജയ്‌ഹിന്ദ് ടി വി ക്യാമറക്കും ദീപിക ഫോട്ടോഗ്രാഫർ അനിൽ ഭാസ്കർ, കേരള കൗമുദി ഫോട്ടോഗ്രാഫർ വിഷ്ണു എന്നിവരുടെ ക്യാമറകൾക്കും ജല പീരങ്കി പ്രയോഗത്തിൽ കാര്യമായി കേട് സംഭവിച്ചു. നിരവധി പത്ര – ദൃശ്യ മാധ്യമ പ്രവർത്തകരുടെ ക്യാമറകൾക്കും നാശമുണ്ടായി. മാധ്യമ പ്രവർത്തകർക്കും ഉപകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ എൻ ശ്രീജയും അനുപമ ജി നായരും ആവശ്യപ്പെട്ടു.