ഗുവാഹത്തി: ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിന്‍റെ വേളയിലാണ്. ആ സന്തോഷത്തിന്‍റെ വിവിധ തരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടയിലാണ് അസമിലെ ആശുപത്രിയിൽ നിന്നുള്ള വ്യത്യസ്തമായ ക്രിസ്മസ് ആഘോഷത്തിന്‍റെ വീഡിയോ വൈറലായിരിക്കുന്നത്. ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ ആശുപത്രി കിടക്കയിൽ രോഗത്തോട് മല്ലടിക്കുന്ന മനുഷ്യരെ ചേർത്ത് പിടിക്കുന്ന സ്നേഹത്തിന്‍റെ സന്ദേശമായാണ് വീഡിയോ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരുമെല്ലാം ചേർന്ന് ചികിത്സയിലുള്ള രോഗികൾക്കായും കൂട്ടിരിപ്പുകാർക്ക് വേണ്ടിയും സ്നേഹത്തിന്‍റെ മനോഹരമായൊരു വിരുന്ന് ഒരുക്കിയിരിക്കുന്നത്. അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയിലാണ് രോഗികൾക്കായി മനോഹരമായ ക്രിസ്മസ് കരോൾ ഒരുക്കിയത്.
വാർത്താ ഏജൻസിയായ എ എൻ ഐയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വീഡിയോ പങ്കുവച്ചത്. ക്രിസ്മസ് രോഗികൾക്ക് വേണ്ടി ആശുപത്രി ജീവനക്കാർ മനോഹരമായ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നതടക്കം വീഡിയോയിൽ കാണാം. ക്രിസ്മസ് തൊപ്പികൾ ധരിച്ച ജീവനക്കാർ മനോഹരമായ ഗാനങ്ങൾക്കൊപ്പം ചുവടുവച്ചു നീങ്ങുന്ന കാഴ്ച ആരുടെയും ഹൃദയം നിറയ്ക്കുന്നതാണ്. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാർക്കൊപ്പം ക്രിസ്മസ് കരോളിൽ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ആശുപത്രിയിലുണ്ടായിരുന്നവർക്ക് വലിയ സന്തോഷം നൽകാൻ ഈ ക്രിസ്മസ് കരോളിന് സാധിച്ചെന്നും വീഡിയോയിൽ വ്യക്തമാണ്.