ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രതയുടെ തിരുപ്പിറവിയുടെ, തിരുക്കർമങ്ങളുടെ വഴികാട്ടിയായ താരകത്തിന്റെ കേക്കിന്റെ മധുരവുമായി കരോളിനായുള്ള കാത്തിരിപ്പിന്റ സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ അങ്ങനെ….
എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് അല്ലേ?… ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ പഴയ കാലത്തിലേക്കുള്ള സഞ്ചാരമാണ്.
ക്രൈസ്തവരുടെ ആഘോഷമെന്ന് നാം വിശ്വസിക്കുന്ന പലതും യഥാർത്ഥത്തിൽ ക്രിസ്തുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലായിരുന്നു. ഒരു മതത്തിന്റെയും ഭാഗമല്ലാതിരുന്ന ആഘോഷങ്ങൾ പിന്നീട് ക്രിസ്മസിന്റെ ഭാഗമായ വേറിട്ട കാഴ്ചയാണ് ക്രിസ്മസ് പറഞ്ഞുതരുന്നത്. 1908 ലെ കാത്തലിക് എനസൈക്ലോപീഡിയ തന്നെ പറയുന്നുണ്ട്. ക്രിസ്മസ് സഭയുടെ ആഘോഷമല്ലായിരുന്നെന്ന്. കാലം കടന്നുപോയപ്പോൾ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഉത്സവമായി ക്രിസ്മസ് മാറിയെന്നത് ചരിത്രം കാത്തുവെച്ച കൗതുകം.