കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 42ല്‍ രണ്ട് സീറ്റുകള്‍ മാത്രം വാഗ്ദാനം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ദാനം വേണ്ടെന്നും കൂടുതല്‍ സീറ്റുകളില്‍ ഒറ്റക്ക് വിജയിക്കാനാവുമെന്നും ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സേവിക്കുന്ന തിരക്കിലാണ് മമത. മമതക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കാമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
‘മമത ബാനര്‍ജിയുടെ യഥാര്‍ത്ഥ താല്‍പര്യം പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ തരാമെന്നാണ് അവര്‍ പറയുന്നത്. ആ സീറ്റുകളില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് എംപിമാരാണ്. എന്താണ് അവര്‍ പുതുതായി തരുന്നത്?. ആ രണ്ടു സീറ്റുകളിലും ഞങ്ങള്‍ വിജയിച്ചത് മമത ബാനര്‍ജിയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ്. എന്താണ് അവര്‍ പ്രത്യേകമായി ഞങ്ങള്‍ക്ക് ചെയ്യുന്നത്?’, അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
രണ്ടാഴ്ച കൊണ്ട് 10.15 കോടി രൂപ; കോണ്‍ഗ്രസ് ക്രൗഡ്ഫണ്ടിംഗ് തുടരുന്നു
‘ഞങ്ങള്‍ ഒന്നും ചോദിച്ചിട്ടില്ല. മമത ബാനര്‍ജിയാണ് പറഞ്ഞത് സഖ്യം വേണമെന്ന്. ഞങ്ങള്‍ക്ക് മമതയുടെ കരുണ വേണ്ട. ഞങ്ങള്‍ സ്വന്തം നിലക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചോളാം. മമതക്ക് ശരിക്കും സഖ്യം വേണമെന്നില്ല. അവര്‍ പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണ്’, അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.