ഏറ്റവും വിലപിടിപ്പുള്ള കലാസൃഷ്ടികളിലൊന്ന് എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് ആൻഡി വാർഹോളിന്റെ ‘ഷോട്ട് സേജ് ബ്ലൂ മെർലിൻ’. 2022 ൽ ലേലത്തിൽ വിറ്റു പോയ ചിത്രം ആൻഡി വാർഹോള്‍ എന്ന കലാകാരന്റെ 5 മെർലിൻ മൺറോ ഛായാചിത്രങ്ങളിലൊന്നാണ്. ആ 5 ചിത്രങ്ങൾക്കും കൂടി 2460 കോടി രൂപ വില മതിക്കുമെങ്കിലും ‘ഷോട്ട് സേജ് ബ്ലൂ മെർലിൻ’ എന്ന ഒറ്റച്ചിത്രത്തിനു മാത്രം വില 1620 കോടി രൂപയാണ്.
മെർലിൻ ഷോട്ടുകൾ, Image Credit: Christie’s / Marilyn Shots © Andy Warhol 1964
വെള്ളിത്തിരയിലെ ഇതിഹാസമായിരുന്ന മെർലിൻ മൺറോയെ അവരുടെ മരണശേഷം തന്റെ ചിത്രങ്ങളിൽ അനശ്വരമാക്കി നിലനിർത്താൻ ആഗ്രഹിച്ച വാർഹോള്‍ 1964 ൽ സിൽക്ക്സ്ക്രീൻ പെയിന്റിങ്ങുകളുടെ ഒരു പരമ്പര വരച്ചു. 40 ഇഞ്ച് ചതുരാകൃതിയിലുള്ള മെർലിൻ മൺറോയുടെ 5 ഛായാചിത്രങ്ങളായിരുന്നു അത്. 1953-ലെ നയാഗ്ര എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരു പബ്ലിസിറ്റി ഫോട്ടോയെ അടിസ്ഥാനമാക്കിയാണ് വാർഹോൾ മൺറോയുടെ ഛായാചിത്രങ്ങൾ സൃഷ്ടിച്ചത്. ചുവപ്പ്, ഓറഞ്ച്, ഇളം നീല, ആകാശ നീല, ടർക്കോയ്സ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രങ്ങൾ, വാർഹോൾ മാൻഹട്ടനിലെ ഈസ്റ്റ് 47-ാം സ്ട്രീറ്റിലുള്ള തന്റെ സ്റ്റുഡിയോയായ ദ് ഫാക്ടറിയിൽ സൂക്ഷിച്ചു.