ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റി ഡല്‍ഹി വികസന അതോറിറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി പൊളിച്ചത്. പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പുരോഹിതന്‍ സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.
പള്ളിയോട് ചേര്‍ന്ന് തന്നെ ഒരു മദ്രസയും പ്രവര്‍ത്തിച്ചിരുന്നു. ഇരുപതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുമുണ്ട്. പള്ളി പൊളിക്കാനെത്തിയവര്‍ ഫോണുകള്‍ തട്ടിയെടുത്തു. സാധനങ്ങള്‍ പോലും മസ്ജിദിനകത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന 22 കുട്ടികളില്‍ 15 പേര്‍ അവിടെ താമസിച്ച് പഠിക്കുന്നവരാണ്. അവരുടെ പുസ്തകങ്ങളോ കുട്ടികള്‍ ചെറുസമ്പാദ്യമായി സൂക്ഷിച്ചുവച്ച പണമോ എടുക്കാന്‍ അനുവദിച്ചില്ല. നിലവില്‍ അടുത്തുള്ള മറ്റൊരു മദ്രസയിലേക്ക് മാറ്റിയിരിക്കുകയാണ് കുട്ടികളെ.
ആരവലി ഫോറസ്റ്റ് റേഞ്ചിലെ റിസര്‍വ്ഡ് വനമായ സഞ്ജയ് വനത്തിന് ചുറ്റുമുള്ള പ്രദേശമാണിതെന്നും ഇവിടുത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ റിഡ്ജ് മാനേജ്‌മെന്റ് ബോര്‍ഡിന്റെ ഉത്തരവുണ്ടെന്നുമാണ് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വാദം. വഖഫ് ബോര്‍ഡ് നിയന്ത്രണത്തിലുള്ള പള്ളി, മെഹ്‌റോളി ഈദ്ഗാഹിന്റെയും സഞ്ജയ് വനത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നത്. പള്ളിയുടേത് അനധികൃത നിര്‍മാണോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റും ഡിഡിഎ ഡയറക്ടറും അടങ്ങുന്ന പാനലിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മസ്ജിദ് പൊളിക്കാനുള്ള തീരുമാനമെടുത്തത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒന്നിലധികം ആരാധനാലയങ്ങള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവയെല്ലാം പൊളിച്ച് നീക്കുമെന്നും പാനല്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാരിന്റെ റിലീജ്യസ് കമ്മിറ്റിയുടെ കൂടെ നിര്‍ദേശം ഇക്കാര്യത്തില്‍ എടുത്തിരുന്നെന്നും ഡിഡിഎ വ്യക്തമാക്കുന്നു.
നിര്‍മാണ ഘടനയും വാസ്തുവിദ്യയും പരിശോധിച്ചതില്‍ നിന്ന് എഡി 1206 മുതല്‍ 1526 വരെയുണ്ടായിരുന്ന ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തിലാണ് ഈ പള്ളി നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.