Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‌ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾക്ക് വിരാമം,സ‍‍ർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഗവര്‍ണര്‍, ചംപായ് സോറൻ മുഖ്യമന്ത്രിയാകും

‌ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾക്ക് വിരാമം,സ‍‍ർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഗവര്‍ണര്‍, ചംപായ് സോറൻ മുഖ്യമന്ത്രിയാകും

ദില്ലി:‌ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിലധികമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ക്ക് വിരാമം. സര്‍ക്കാരുണ്ടാക്കാന്‍ ചംപായി സോറിനെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇന്ന് രാത്രി 11ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം. ഗവർണർ സിപി രാധാകൃഷ്ണൻ ചംപായ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചു. മുഖ്യമന്ത്രിയായുള്ള ചംപായ് സോറന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിനുശേൽമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍  അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി ഉണ്ടായത്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല.

എംഎല്‍എമാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ വീണ്ടും അപ്രതീക്ഷിത സംഭവങ്ങളാണ് വിമാനത്താവളത്തില്‍ അരങ്ങേറിയത്. വിമാനത്തിനുള്ളില്‍ കയറി വീഡിയോ അടക്കം എംഎല്‍മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിമാന സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ എംഎല്‍എമാര്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഹൈദരാബാദിലേക്ക് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ചാണ് വൈകിട്ടോടെ ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നത്.

ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കള്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചത്. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു. അതേസമയം, ചംപായ് സോറനെ മുഖ്യമന്ത്രിയാക്കുന്നതിലും പാര്‍ട്ടിക്കകത്ത് സമവായമില്ലെന്ന് ബിജെപി ആരോപിച്ചു. ബസന്ത് സോറനെ മുഖ്യമന്ത്രിയാക്കാനും ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.ഓപ്പറേഷന്‍ താമര നീക്കത്തിലൂടെ ബിജെപി എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ് ജെഎംഎം നേതാക്കളുടെ ആരോപണം. സർക്കാർ രൂപീകരിക്കാൻ ഉടൻ അനുമതി നല്‍കാൻ ഗവർണറോട് ആവശ്യപ്പെട്ടെന്ന് ചംപായ് സോറൻ വിമാനത്താവളത്തിൽ പ്രതികരിച്ചു. ഇതിനിടെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെ രംഗത്തെത്തി.

ഗവർണറുടെ ഒളിച്ചുകളി ഭരണഘടനയോടുള്ള അവഹേളനമെന്ന് ഖർഗെ പറഞ്ഞു. 48 എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശവപ്പെട്ടിയിലേക്ക് ആണികൾ ഓരോന്നായി ബിജെപി അടിക്കുകയാണെന്നും ഖര്‍ഗെ ആരോപിച്ചു.ഝാര്‍ഖണ്ഡിൽ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കൾ നൽകിയ കത്തിന് ​ഗവർണർ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.  47 എംഎല്എമാരുടെ പിന്തുണയുണ്ടെന്നാണ് കത്തില് അറിയിച്ചത്. സർക്കാറുണ്ടാക്കാന് 43 പേരുടെ പിന്തുണ മതി.  ഇഡി അറസ്റ്റിലായ ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.
ഇന്നലെ രാത്രിയാണ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.  ഭൂമി കുംഭ​കോണ കേസിൽ ഏഴര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുൻപ് സോറൻ രാജ്ഭവനിലെത്തി രാജിക്കത്ത് ​ഗവർണർക്ക് കൈമാറുകയായിരുന്നു. പിന്നാലെ നിലവിൽ ഗതാ​ഗത മന്ത്രിയായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കൾ നേതാക്കൾ ​ഗവർണറെ കാണുകയായിരുന്നു.കത്ത് പരിശോധിച്ച് മറുപടി നൽകാമെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. അതേസമയം, രാജ്ഭവനിലെത്തിയ എല്ലാ എംഎൽഎമാരെയും കാണാൻ ​ഗവർണർ സിപി രാധാകൃഷ്ണൻ തയാറായിരുന്നില്ല. മുതിർന്ന ജെഎംഎം നേതാവും സരായ്കേല മണ്ഡലത്തിൽനിന്നുള്ള എംഎൽഎയുമാണ് ചംപായ് സോറൻ. നേരത്തെ ഭാര്യ കൽപന സോറനെ മുഖ്യമന്ത്രിയാക്കാൻ ഹേമന്ത് സോറൻ ശ്രമിച്ചിരുന്നെങ്കിലും പാർട്ടിക്കകത്തുനിന്നടക്കം എതിർപ്പുയർന്നതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ബിനാമികളെ ഉപയോ​ഗിച്ച് കോടികൾ വിലമതിക്കുന്ന ഭൂമി ഹേമന്ത് സോറൻ സ്വന്തമാക്കിയതായി കണ്ടെത്തിയെന്നാണ് ഇഡി അവകാശവാദം.

ഭൂമി അഴിമതി; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments