വാഷിംഗ്ടണ്‍: ഗാസയിലെ ഇസ്രായേല്‍ യുദ്ധം തുടരുന്നതിനിടെ ഫെബ്രുവരി നാലിന് ഞായറാഴ്ച ജൂത രാഷ്ട്രത്തിന് 17.6 ബില്യണ്‍ ഡോളര്‍ പുതിയ സൈനിക സഹായമായി അനുവദിക്കാന്‍ യു എസ് ഹൗസ് പാനല്‍ ശിപാര്‍ശ ചെയ്തു. വന്‍ സഹായം ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും പീരങ്കികളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കാനും അത്യാധുനിക ആയുധ സംവിധാനങ്ങള്‍ സ്വന്തമാക്കാനും സഹായിക്കും.
ആയിരത്തിലധികം ഇസ്രായേലികളുടെ കൊലപാതകത്തില്‍ കലാശിച്ച ഒക്ടോബര്‍ ഏഴ് ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിന് നല്‍കിയ യു എസ് ആയുധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ഈ ഫണ്ടുകളില്‍ ചിലത് ഉപയോഗിക്കും.
യു എസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറയുന്നതനുസരിച്ച് ഹൗസ് അപ്രോപ്രിയേഷന്‍സ് പാനല്‍ അവതരിപ്പിച്ച ഫണ്ടിംഗ് ബില്‍ അടുത്തയാഴ്ച മുഴുവന്‍ സഭയിലും വോട്ടിന് വിധേയമാകാന്‍ സാധ്യതയുണ്ട്. 2016-ല്‍ ആരംഭിച്ച 10 വര്‍ഷത്തെ പദ്ധതി പ്രകാരം നിലവില്‍ 3.8 ബില്യണ്‍ ഡോളറാണ് അമേരിക്കയുടെ സൈനിക സഹായമായി ഇസ്രായേലിന് ലഭിക്കുന്നത്.
നവംബറില്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐ ആര്‍ എസ്) ഫണ്ട് വെട്ടിക്കുറച്ച് ഇസ്രായേലിന് 14.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കാനുള്ള റിപ്പബ്ലിക്കന്‍ പദ്ധതി സഭ പാസാക്കി. എങ്കിലും ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സെനറ്റ് ആ സമയത്ത് ബില്‍ തടഞ്ഞിരുന്നു. എന്നാല്‍ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ബില്‍ ഇസ്രായേലിന് സഹായവും യുക്രെയ്ന് അധിക സൈനിക സഹായവും നല്‍കും. കൂടാതെ, സമഗ്രമായ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായി തായ്വാന്‍ സഹായം ഉള്‍പ്പെടുത്തുന്ന കാര്യവും സെനറ്റ് പരിഗണിക്കുന്നുണ്ട്.
വരാനിരിക്കുന്ന സെനറ്റ് ബില്ലില്‍ കുടിയേറ്റ പ്രശ്നങ്ങളുമായി അടുത്ത ബന്ധമുള്ള യു എസ്- മെക്സിക്കോ അതിര്‍ത്തി സുരക്ഷയുടെ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു എസ്- മെക്സിക്കോ അതിര്‍ത്തി വളരെക്കാലമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാണ്. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. സമഗ്രമായ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച അടുത്ത ആഴ്ച ആരംഭിക്കുമെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാരംഭ നടപടിക്രമ വോട്ടെടുപ്പ് ബുധനാഴ്ചയ്ക്ക് ശേഷമാണ് ഷെഡ്യൂള്‍ ചെയ്യുക.
സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഇസ്രായേലിന് പിന്തുണ നല്‍കേണ്ടത് ഊന്നിപ്പറയുന്നു.
ഇസ്രായേലിനും യുക്രെയ്നും അമേരിക്ക സഹായം നല്‍കുന്നതിന് സഭയും സെനറ്റും ബില്‍ പാസാക്കണം. ബില്‍ അന്തിമ അംഗീകാരത്തിനായി യു എസ് പ്രസിഡന്റ് ജോ ബൈഡന് അയയ്ക്കും.