തിരുവനന്തപുരം: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ സംസ്ഥാന വ്യാപകമായി ഇ ഡി റെയ്ഡ്. കണ്ണൂർ, കോഴിക്കോട്,തൃശൂർ,എറണാകുളം തുടങ്ങി 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഹൈറിച്ച് മണി തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തതാണ് കേസ്. ഹൈറിച്ചിന്റെ ഉടമകളായ പ്രതാപിനെയും ഭാര്യയെയും പലതവണ ഇഡി ചോദ്യം ചോയ്തിരുന്നു. ഇതിനെ തുടർന്നാണ് വ്യാപകമായ റെയ്ഡിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നത്.
ഒരേസമയം വിവിധ ഇടങ്ങളിലായി 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. സംസ്ഥാനത്തിന്റെ പുറത്ത് മഹാരാഷ്‌ട്ര ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. പ്രധാനമായും ഹൈറിച്ചിന് നിക്ഷേപമുള്ള ചില സ്ഥാപനങ്ങളിലും ഹൈറിച്ചിന്റെ ചില സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയത്. ഇഡി നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ക്രിപ്റ്റോകറന്‍സിയായ എച്ച്ആര്‍കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയിരുന്നു.
തൃശ്ശൂര്‍ സ്വദേശികളായ കെ ഡി പ്രതാപനും ഭാര്യ ശ്രീന പ്രതാപനുമാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ഉടമകള്‍. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.