ചെന്നൈ: നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദേശീയതലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയെ എതിർത്തുകൊണ്ട് തമിഴ്നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് സ്റ്റാലിൻ കത്തയച്ചത്.
‘മെഡിക്കൽ കോളജിലേക്കുള്ള പ്രവേശനത്തിന് തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കണമെന്നും ദേശീയതലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നുമുള്ള തങ്ങളുടെ നിരന്തരമായ ആവശ്യം വീണ്ടും ആവർത്തിക്കാനാണ് ഈ കത്തെഴുതുന്നത്. പ്രത്യേക പരീക്ഷ നടത്താതെ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം. പ്രവേശന പരീക്ഷകൾ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണ്’ -സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.
തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കണമെന്നും മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഞങ്ങൾ നിയമസഭയിൽ ഐക്യകണ്ഠേന പാസാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാൽ, ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കി.
അടുത്തിടെ നീറ്റ് പരീക്ഷക്കിടെ നടന്ന ക്രമക്കേടുകൾ തമിഴ്നാട് സർക്കാറിന്റെ എതിർപ്പിനെ സാധൂകരിക്കുന്നതാണ്. നിലവിലെ പ്രവേശന രീതി അവസാനിപ്പിക്കണമെന്ന് മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും കത്തിൽ ഊന്നിപ്പറയുന്നുണ്ട്.