അഹമ്മദാബദ്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ പരാജയപ്പെടുത്തിയതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഗുജറാത്തിലെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ലോക്സഭയിലും രാഹുല്‍ ഇക്കാര്യം പറഞ്ഞിരുന്നു.
”ഞങ്ങളുടെ ഓഫീസ് ബി.ജെ.പി തകര്‍ത്തു. അത്പോലെ അവരുടെ സർക്കാരിനെ തകർക്കാൻ ഞങ്ങൾ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ പോകുകയാണ്. എഴുതിവെച്ചോളൂ, അയോധ്യയിൽ ചെയ്തത് പോലെ ഗുജറാത്തിലും മോദിയേയും ബി.ജെ.പിയേയും ഞങ്ങള്‍ പരാജയപ്പെടുത്തും”- രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും സംസ്ഥാനത്തൊരു പുതിയ തുടക്കം കുറിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
”നരേന്ദ്രമോദിക്ക് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പരാജയപ്പെടുമെന്നും രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും സര്‍വേ നടത്തിയവര്‍ മുന്നറിയിപ്പ് നല്‍കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് മോദി പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പി. അയോധ്യയില്‍ പരാജപ്പെട്ടത്”- രാഹുല്‍ ഗാന്ധി ചോദിച്ചു.
ലോക്സഭയില്‍ ഹിന്ദുക്കളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ അഹമ്മദാബാദിലെ കോൺഗ്രസ് സംസ്ഥാന ആസ്ഥാന മന്ദിരം ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ജൂലൈ രണ്ടിനായിരുന്നു അക്രമം നടന്നത്. സംഘര്‍ഷത്തില്‍ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.