ലണ്ടന്‍ ഒന്റാറിയോ: കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ് കുട്ടികള്‍ക്കായി നടത്തിവരാറുള്ള ചിത്രരചനാ മത്സരങ്ങള്‍ ലണ്ടനിലുള്ള സെന്റ് ഐഡന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ആശയങ്ങളുടെ ലോകത്തെ വര്‍ണ്ണക്കാഴ്ചകള്‍ക്ക് വരകളിലൂടെ ദൃശ്യ ഭാഷയൊരുക്കിയ മത്സരത്തില്‍ ലണ്ടനിലും സമീപപ്രദേശങ്ങളിലുമായുള്ള അന്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
നാല് മുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളെ അവരുടെ ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വിഷയങ്ങള്‍ നല്‍കിയത്. ഒരു ചിത്രം മുന്നോട്ട് വെക്കുന്ന ആശയം ഭാഷയുടെ പരിമിതികള്‍ മറികടക്കുകയും ഉള്ളടക്കം ആസ്വാദകരില്‍ എത്തുന്നതില്‍ പൂര്‍ണ്ണമായി വിജയിക്കുകയും വേണം എന്നതിനാല്‍ കുട്ടികളുടെ കാഴ്ചവട്ടത്തില്‍ പതിഞ്ഞ ഒരു പിറന്നാളാഘോഷം, ഗ്രാമാന്തരീക്ഷം, നഗരജീവിതം എന്നീ വിഷയങ്ങളാണ് ഗ്രേഡനുസരിച്ച് പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്.
രണ്ട് മണിക്കൂര്‍ സമയക്രമത്തില്‍ നടന്ന മത്സത്തിന്റെ വിധി നിര്‍ണ്ണയവും സമ്മാനദാനവും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍ ആയ ജി ജി വെല്‍നെസ്സ് സെന്റര്‍ ഡയറക്ടേഴ്സ് സുനില്‍ സാമുവേല്‍ ആന്റ് സിജി സുനില്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യുമെന്ന് കളിക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു. ഭാവനാപൂര്‍ണ്ണമായ ചിത്രരചനയിലൂടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവും ശേഷിയും വളര്‍ത്തിയെടുത്ത് അതിലൂടെ സാമൂഹിക പ്രതിബദ്ധതയും ആസ്വാദനശേഷിയുമുള്ള യുവതലമുറയെ കൈപിടിച്ച് നടത്താനാണ് കളിക്കൂട്ടം ലക്ഷ്യമിടുന്നതെന്നുകൂടി ടീം കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ് കൂട്ടിച്ചേര്‍ത്തു.