പത്തനംതിട്ട: ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിലുണ്ടായിരുന്നു. എന്നാൽ കഞ്ചാവ് പിടികൂടിയതും കേസെടുത്തതുമെല്ലാം ഇൻസ്‌പെക്ടറാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോർട്ട് നൽകി.
യുവമോർച്ച ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.പി.എം ആരോപണം. യദുകൃഷ്ണന്റെ കയ്യിൽനിന്ന് കഞ്ചാവും അത് വലിക്കാൻ ഉപയോഗിക്കുന്ന യന്ത്രവും കണ്ടെടുത്തുവെന്നാണ് എക്‌സൈസ് റിപ്പോർട്ട്. അതിനിടെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യദുകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദുകൃഷ്ണൻ അടക്കം 62 പേർ യുവമോർച്ച വിട്ട് സി.പി.എമ്മിൽ ചേർന്നത്.