ജിദ്ദ: ജനങ്ങൾക്ക് വേണ്ടി സമർപ്പിത ജീവിതം നയിക്കുകയും ജനകീയത മുഖമുദ്രയാക്കുകയും ചെയ്ത അതുല്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്തു ജ്വലിച്ചു നിന്ന ഉമ്മൻചാണ്ടി നന്മയുടെയും കരുതലിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്നു.
അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ജനസമ്പർക്ക പരിപാടി സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു എന്നും 11 ലക്ഷം ആളുകൾക്ക് 242 കോടിയുടെ വിവിധങ്ങളായ സഹായങ്ങൾ നൽകുവാൻ കഴിഞ്ഞത് ജനമനസ്സിൽ മായാതെ നിൽക്കുകയാണ്.ഭരണാധികാരി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെയും അചഞ്ചലമായ നിലപാടുകളുടെയും ഉറച്ച തീരുമാനങ്ങളുടെയും വിജയമാണ് വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാർട് സിറ്റി പോലുള്ള വൻകിട വികസന പദ്ധതികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തോട് ഏറെ അടുപ്പം പുലർത്തിയ ഉമ്മൻ ചാണ്ടി സാധാരണക്കാർക്കു പ്രാപ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും ഒഐസിസി ഹെൽപ്പ് ഡെസ്ക് ജന: കൺവീനറുമായ അലി തേക്കുതോട് പറഞ്ഞു.കേരളത്തിന്റെ വികസന ചരിത്രത്തിൽ തലഉയർത്തിപ്പിടിച്ചു നിൽക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കമുള്ള വലിയ വികസന പദ്ധതികൾക്കു കേരളം കടപ്പെട്ടിരിക്കുന്നത് ഉമ്മൻചാണ്ടിയോടാണെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കഥകളുണ്ടാക്കി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് വിസ്മരിക്കാൻ കഴിയില്ലെന്നും കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പറഞ്ഞു.
50 വർഷക്കാലംനിയമസഭാസാമാജികനായി തിളങ്ങിയ ഉമ്മൻചാണ്ടി കേരളത്തിന്റെ വികസനത്തിലും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ടും കർമ്മനിരതനായ മാതൃകാ പൊതുപ്രവർത്തകനും ഭരണാധികാരിയുമായിരുന്നെന്ന് ജിദ്ദ നവോദയ പ്രതിനിധി ശ്രീകുമാർ മാവേലിക്കര അഭിപ്രായപ്പെട്ടു.രാഷ്ട്രീയത്തിന്നതീതമായി എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിച്ച ഉമ്മൻ ചാണ്ടി എളിമയും ലാളിത്യവും മുഖമുദ്രയാക്കിയ നേതാവായിരുന്നു എന്ന് ന്യൂ ഏജ് ഫോറം പ്രസിഡണ്ട് പിപിഎ റഹീം അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയും സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും തമിഴ് ജനതക്കും ഏറെ പ്രിയങ്കരനാക്കിയിരുന്നു എന്ന് തമിൾ സംഘം പ്രതിനിധി സിറാജ് അഭിപ്രായപ്പെട്ടു. നസീർ വാവക്കുഞ് (ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം), എൻജി. കാജാ മുഹിയുദ്ധീൻ, ഒഐസിസി വൈ. പ്രസിഡണ്ട്സ ഹീർ മാഞ്ഞാലി, ഒഐസിസി ജന. സെക്രട്ടറിമാരായ മുജീബ് തൃത്താല, ആസാദ് പോരൂർ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം മുസ്തഫ പെരുവള്ളൂർ, ഒഐസിസി നാഷണൽ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, വനിതാ വിഭാഗം പ്രതിനിധി സിമി അബ്ദുൽ ഖാദർ, ഒഐസിസി റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ ഉൾപ്പെടെ നിരവധി സംഘടനാ പ്രതിനിധികൾ ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ചു സംസാരിച്ചു.ജന: സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു