ബെംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ. റോഡിന്റെ സുരക്ഷാ ബാരിയർ, ലോറി, ക്യാബിൻ, ടവർ എന്നിവയുടെ പോയിന്റാണ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. തടികൾ ലോറിയിൽ നിന്ന് വേർപ്പെട്ടുപോയെന്നും ക്യാബിൻ വിട്ടു പോകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്നാമത്തെ സ്‌പോട്ടിൽ ട്രക്ക് ഉണ്ടെന്നാണ് വ്യക്തമാകുന്നത്. വസ്തുതകളും സിഗ്നലുകളും മാച്ച് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. കണ്ടെത്തിയ ക്യാബിൻ ട്രക്കിന്റേത് ആകാനാണ് സാധ്യതയെന്നും ദൗത്യതലവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കര-നാവിക സേന വിഭാഗങ്ങൾക്ക് ലഭിച്ച അതേ സ്ഥലത്താണ് ഐബോഡ് സിഗ്നൽ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അർജുന്റെ ലോറിയുള്ളത് ഗംഗാവലി പുഴയിൽ 5 മീറ്റർ ആഴത്തിലാണ്. ഏകദേശം കരയിൽ നിന്ന് 50 മീറ്റർ ദൂരെ പുഴയിലാണിത്. തടി ഒഴുക്കിപ്പോയതാകാം ലോറി മുങ്ങാൻ കാരണമായത്. ലോറിയുടെ ഉള്ളിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അർജുൻ ക്യാബിനിലുണ്ടോയെന്നതിലും പുറത്തിറങ്ങിയിരുന്നോ എന്നതിലും വ്യക്തതയില്ല. ഇതിനായി ഇന്ന് രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാത്രി തണുപ്പാകുമ്പോൾ കുറച്ചുകൂടി വ്യക്തയുള്ള സിഗ്നലുകൾ ലഭിക്കും.
ട്രക്കിന്റെ പൊസിഷൻ കണ്ടെത്തുകയാണ് പ്രധാനം. എങ്കിൽ മാത്രമേ അർജുനെ കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ദർക്ക് അവിടെയ്‌ക്ക് എത്താനാകൂ. നിലവിലെ സാഹചര്യത്തിൽ അത് ദുഷ്‌കരമാണ്. രണ്ട് നോട്ടിൽ കൂടുതലെങ്കിൽ മുങ്ങൽ വിദഗദർക്ക് ഇറങ്ങാനാവില്ല. നിലവിൽ ഗംഗാവലി പുഴയിൽ 6 മുതൽ 8 നോട്ട് വരെയാണ് അടിയൊഴുക്ക്. ലോറിയിൽ നിന്ന് ക്യാബിൻ വേർപെടാൻ സാദ്ധ്യതയുണ്ടോ എന്ന് അറിയാൻ മെഴ്‌സിഡസ് ബെൻസ് അധികൃതരുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.